രണ്ടാം തുര്‍ക്കി റിപ്പബ്ലിക്‌

രാഷ്ട്രീയത്തിന്റെ പ്രയോഗം എന്നതിനേക്കാൾ മികച്ച ഒരു പാഠം ഉർദുഗാനിൽ നിന്നും നമ്മുടെ സമകാലികക കേരള ഇസ്ലാമിനു പോലും പഠിക്കാവുന്നതായി ഉണ്ടെന്ന് ലേഖകൻ...



ലകാരണങ്ങള്‍ കൊണ്ടും ഇസ്‌ലാമും മുസ്‌ലിംലോകവും എപ്പോഴും ശ്രദ്ധാബിന്ധുവാണ്‌ ആഗോള ദൃഷ്ടിയില്‍. രാഷ്ട്രീയ സാമൂഹിക സാമ്പത്തിക രംഗങ്ങളിലെല്ലാം മുസ്‌ലിം ലോകത്തെ നീക്കങ്ങള്‍ ലോകം സശ്രദ്ധം വീക്ഷിക്കുന്നു. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ലോക രാഷ്ട്രീയ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്നത്‌ മധ്യപൗരസ്‌ത്യ ദേശങ്ങളിലെയും അവയോടു ചേര്‌ന്നു കിടക്കുന്ന തുര്‍ക്കി, ഇറാന്‍, അഫ്‌ഗാന്‍ തുടങ്ങി രാഷ്ട്രങ്ങളിലെയും സംഭവവികാസങ്ങളാണ്‌. ഒരു ഭാഗത്ത്‌ തീവ്രവാദവും മറുഭാഗത്ത്‌ സ്വേച്ഛാധിപത്യവുമാണ്‌ ഈ ഭൂഭാഗങ്ങളുടെ മുഖമുദ്രയായി ലോകത്തിന്റെ മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്‌. ജനാധിപത്യ മൂല്യങ്ങള്‍ക്കോ മനുഷ്യാവകാശങ്ങള്‍ക്കോ ഒരു വിലയും കല്‌പിക്കാത്ത ഭരണകൂടങ്ങള്‍ ഒരേസമയം മതത്തെയും തീവ്രവാദത്തെയും മറയാക്കി അടിച്ചമര്‍ത്താല്‍ ഭരണം നടത്തിയപ്പോള്‍ അത്‌ നിസ്സഹായരായി നോക്കിനില്‌ക്കാസന്‍ വിധിക്കപ്പെട്ടവരായിരുന്നു ഇവിടത്തെ സാധാരണ പൌരന്മാര്‍. ജാനാധിപത്യത്തിന്റെ്‌ അടിത്തറ അവകാശപ്പെട്ട ഭരണകൂടങ്ങളാകട്ടെ തീവ്ര മതനിരാസത്തിന്റെന വക്താക്കളുമായിരുന്നു. അതിനെല്ലാമുപരി, അന്താരാഷ്ട്ര തലത്തില്‍ ചാര്‍ത്തിക്കിട്ടിയ തീവ്രവാദ ലേബലു കൂടിയായപ്പോള്‍ പുറമേക്ക്‌ നിശബ്ദമെങ്കിലും ഉള്ളില്‍ ലാവ തിളച്ചുമറിയുന്ന അഗ്‌നിപര്‍വത സമാനമായിരുന്നു അവരുടെ മനസ്സ്‌.

ഈ മേഖലയില്‍ നടന്ന ജാനാധിപത്യ പരീക്ഷണങ്ങള്‍ മതേതരത്വത്തിന്റെ പേര്‌ പറഞ്ഞു തീവ്ര മതനിരാസം പുല്‍കിയയപ്പോള്‍ ജനാധിപത്യത്തെ തന്നെ മതവിരുദ്ധമായി ചിത്രീകരിച്ചു ഏകാധിപത്യം നിലനിരുത്താനായിരുന്നു പല ഭരണാധികാരികളുടെയും ശ്രമങ്ങള്‍. ആഗോള തലത്തില്‍ സാമ്രാജ്യത്വവും രാഷ്ട്രതലത്തില്‍ ഏകാധിപത്യവും പിടിമുരുക്കിയതുപ കാരണം കൃത്യമായ ഒരു നിലപാടുപോലും സ്വീകരിക്കാന്‍ കഴിയാതെ ഇവരില്‍ ചിലരെങ്കിലും തീവ്രവാദത്തിലേക്ക്‌ വഴിമാറി സഞ്ചരിക്കുകയും ചെയ്‌തു. ഇവിടെ മതത്തെയും ജനാധിപത്യത്തെയും സംയോജിപ്പിക്കാനുള്ള സമകാലിക പരീക്ഷണങ്ങളില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു ഇറാന്‍ വിപ്ലവവും അതിനെത്തുടര്‍ന്നു അവിടെ നിലവില്‍ വന്ന ഭരണരീതിയും. പക്ഷേ അതിന്റെ ശീഈ പരിസരവും 'വിലായത്തുല്‍ ഫഖീഹ്‌' എന്നവര്‍ പേരിട്ടുവിളിച്ച മതനേതൃത്വത്തിനു കീഴിലുള്ള ഭരണവും ബഹുഭൂരിപക്ഷം വരുന്ന സുന്നി സമൂഹത്തില്‍ കാര്യമായ ചലനം സൃഷ്ടിച്ചില്ല.

അതിനിടയിലാണ്‌ വളരെ നിശബ്ദമായ ഒരു വിപ്ലവം തുര്‍്‌ക്കിതയില്‍ അരങ്ങേറികൊണ്ടിരുന്നത്‌. നജ്‌മുദ്ദീന്‍ അര്‍ബകാന്‍ തുടങ്ങിവെച്ച ആ പരിവര്‍ത്തന ത്വര ഇന്ന്‌ തുര്‍ക്കി യെ അതിന്റെ പഴയകാല പ്രതാപത്തിലേക്ക്‌ തിരിച്ചുകൊണ്ടുപോകുന്നു. ഒമ്പത്‌ ദശകങ്ങള്‍ക്കമപ്പുറം ഇസ്ലാമിക ഭരണത്തിന്റെ തലസ്ഥാനമായിരുന്ന തുര്‍ക്കി ഇന്ന്‌ ഉസ്‌മാനിയ ഖിലാഫത്തിന്റെ ആ നഷ്ടപ്രതാപം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. കമാലിസ്റ്റ്‌ മതനിരാസത്തില്‍ നിന്നും ജനാധിപത്യസംവിധാനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട്‌ ഇസലാമിന്റെ സാംസ്‌കാരിക ഉയിര്‍ത്തെഴുന്നേല്‍്‌പ്പും അതുവഴി രാഷ്ട്രീയ നയങ്ങളില്‍ കാതലായ മാറ്റവുമാണ്‌ റജബ്‌ ത്വയ്യിബ്‌ ഉര്‍ദുഗാനിലൂടെ തുര്‍ക്കി സാധ്യമാക്കിയിരിക്കുന്നത്‌. യൂറോപ്പിലെ രോഗിയായും സയണിസ്റ്റ്‌ കൂട്ടാളിയുമായി മുദ്രകുത്തപ്പെട്ട തുര്‍ക്കിയെ ഈ ഒരവസ്ഥയിലേക്ക്‌ ഉയര്‍ത്തി കൊണ്ടുവന്നതിന്റെ ക്രഡിറ്റ്‌ ഉര്‍ദുഗാനു അവകാശപ്പെട്ടതാണ്‌. ഇസ്‌താംബുള്‍ തെരുവുകളില്‍ നാരങ്ങ വിറ്റു നടന്നിരുന്ന കൌമാരത്തില്‍ നിന്നും ഉത്തരാധുനിക തുര്‍ക്കി കണ്ട ഏറ്റവും ജനകീയനായ ഭരണാധികാരിയായി മാറിയ ഉര്‍ദുനഗാന്റെത്‌ തികച്ചും വ്യത്യസ്‌തമായ ഒരു രാഷ്ട്രീയ പ്രക്രിയയുടെ പ്രയോഗമായിരുന്നു. അര്‍ബകാന്റെ ആശയങ്ങളെ തികച്ചും പ്രായോഗികമായി വികസിപ്പിക്കുക വഴി ഉര്‍ദുഗാന്‍ കമാലിസത്തിന്റെ്‌ മതേതര തീവ്രവാദത്തിന്റെ ഒറ്റപ്പെടലില്‍ നിന്ന്‌ തുരക്കിയെ രക്ഷിച്ചെടുത്തതിനപ്പുറം സ്വേച്ഛാധിപത്യത്തിനും തീവ്രവാദത്തിനുമിടയില്‍ ഒരു പുതിയ മാത്രക സമ്മാനിക്കുകയും ചെയ്‌തു.

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ, കഴിഞ്ഞ കുറെ പതിറ്റാണ്ടുകള്‍്‌ക്കിനടയില്‍ അറബ്‌ മുസ്‌ലിം ലോകത്തെ ഏറ്റവും ജനകീയനായ നേതാവായി അദ്ദേഹം മാറി. ജമാല്‍ അബ്ദുല്‍ നാസറിനു ശേഷം അറബ്‌ ലോകത്ത്‌ ഇത്ര സുസമ്മിതി നേടിയത്‌ അറബിയല്ലാത്ത ഉര്‍ദുഗാനാണ്‌. ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറുപേരുടെ കൂട്ടത്തില്‍ തുടര്‌ച്ച യായി രണ്ടു പ്രാവശ്യം ടൈം മാഗസിന്‍ അദ്ദേഹത്തെ എണ്ണിയപ്പോള്‍, ജോര്‍ദാനിലെ ദി റോയല്‍ ഇസ്ലാമിക്‌ സ്‌ട്രാറ്റജിക്‌ സ്റ്റഡീസ്‌ സെന്റര്‍ പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിംകളുടെ ലിസ്റ്റില്‍ അബ്ദുല്ല രാജാവിന്‌ പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു അദ്ദേഹം. ഇസ്‌ലാമിക സേവനത്തിനുള്ള കിംഗ്‌ ഫൈസല്‍ അവാര്‍ഡ്‌്‌ നല്‍കി സഊദി അദ്ദേഹത്തെ ആദരിക്കുകയും ചെയ്‌തു. പറഞ്ഞുവന്നത്‌ ഉര്‍ദുസഗാന്റെ ജനകീയതയെ കുറിച്ചാണ്‌.

ജനകീയ വിപ്ലവങ്ങളുടെ അറബ്‌ വസന്ത കാലത്ത്‌ തുടര്‍ച്ചയായ മൂന്നാം പ്രാവശ്യവും തുര്‍ക്കി ഭരണം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ജസ്റ്റിസ്‌ ആന്റ്‌്‌ ഡവലപ്‌മെന്റ്‌ പാര്‌ട്ടി യെയും ഏല്‍പിച്ചിരിക്കുകയാണ്‌ അവിടത്തെ ജനത. ഉര്‍ദുഗാനിത്‌ അര്‍ഹിച്ച അംഗീകാരം തന്നെ. കിഴക്കുമായും പടിഞ്ഞാറുമായും ഒരേ സമയം ഇടപെടുകയും അതോടൊപ്പം പറയാനുള്ളത്‌ ആരുടേയും മുഖത്തു നോക്കി പറയാന്‍ ആര്‍ജ്ജവം കാണിക്കുകയും ചെയ്‌ത ഉര്‍ദുഗാന്‍ തന്റെ വ്യക്തിജീവിതത്തില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെപിടിക്കുകയും മത സ്വാതന്ത്ര്യം അനുവദിക്കുക വഴി പൊതു ജീവിതത്തില്‍ ഇസ്ലാമിന്‌ അതിന്റെതായ ഇടം അനുവദിക്കുകയും ചെയ്‌തു. 2009 ജനുവരിയില്‍ ദാവോസില്‍ വെച്ചു നടന്ന വേള്‌ഡ്‌ ഇക്കോണമിക്‌ ഫോറത്തില്‍ വെച്ചു അന്നത്തെ ഇസ്രായേല്‍ പ്രസിഡന്റ്‌ ഷിമോണ്‍ പെരസിനോട്‌ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ("President Peres, you are old, and your voice is loud out of a guilty conscience. When it comes to killing, you know very well how to kill. I know well how you hit and kill children on beaches") അന്തരീക്ഷത്തില്‍ ഒരുപാടുകാലം തങ്ങി നിന്നു. പിന്നീട്‌ പലഘട്ടങ്ങളിലും ഇസ്രായേലിനു അദ്ദേഹത്തിന്റെ നിലപാടുകളുടെ ചൂട്‌ അനുഭവിക്കേണ്ടി വന്നു. ഇറാഖിനെ അടിക്കാന്‍ തുര്‍ക്കിയുടെ മണ്ണ്‌ അനുവദിക്കതിരുന്നതിലും അദ്ദേഹം നിര്‍ണാകയക പങ്ക്‌ വഹിച്ചു. അതേസമയം യൂറ്യോപ്യന്‍ യൂണിയനില്‍ അംഗമാവനുള്ള ശ്രമങ്ങളുമായി അദ്ദേഹം മുന്നോട്ട്‌ പോവുകയും ചെയ്യുന്നു. അറബ്‌ വസന്തകാലത്തെ ഉര്‍ദുദഗാന്‍ രാഷ്ട്രീയം രണ്ടുതരത്തില്‍ പ്രസക്തമാണ്‌. വസന്തത്തില്‍ വിരിഞ്ഞ മുല്ലപ്പൂ വിപ്ലവങ്ങളോട്‌ അദ്ദേഹം സ്വീകരിച്ച നിലപാടും വിപ്ലവങ്ങള്‍ക്ക്‌ ശേഷം എങ്ങോട്ട്‌ എന്ന ചോദ്യത്തിന്‌ അദ്ദേഹം മുന്നോട്ടുവെക്കുന്ന മാതൃകയും. തുനീസ്യയില്‍ നിന്ന്‌ തുടങ്ങി ഈജിപ്‌ത്‌ വഴി യമനിലും സിറിയയിലും ലിബിയയിലും എത്തിനില്‍ക്കുന്ന മാറ്റത്തിന്റെ കാറ്റിനോട്‌ അനുകൂലമായി പ്രതികരിക്കാന്‍ ഉര്‍ദുഗാന്‍ തുടക്കം മുതലേ രംഗത്തുണ്ടായിരുന്നു. സിറിയന്‍ ഭരണകൂടവുമായി നല്ല ബന്ധം നിലനിര്‍ത്തി പോന്ന അദ്ദേഹത്തിനു പക്ഷേ ജനകീയ സമരത്തോട്‌ സമരസപ്പെടാന്‍ ആ ബന്ധം തടസ്സമായില്ല. ഈ മാറ്റങ്ങളെ തങ്ങളുടെ അക്കൌണ്ടിലെഴുതാന്‍ ഇറാന്‍ പലനിലയ്‌ക്കും ശ്രമിക്കുന്നെണ്ടികിലും ഇതിന്റെ പ്രചോദനം ഇറാനല്ല, മറിച്ച്‌ ഉര്‍ദുഗാന്‍ രാഷ്ട്രീയമാണെന്ന്‌ പറയാതെ പറയുന്നുണ്ട്‌ അറബ്‌ തെരുവുകള്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ കക്ഷിയുടെ പേര്‌ ഈജിപ്‌തില്‍ ഉള്‍പ്പെടെ പലരും കടം കൊള്ളുന്നത്‌ ഈ ഉര്‍ദുഗാന്‍ പ്രഭാവത്തിന്റെ അനുരണനമല്ലാതെ വേറൊന്നല്ല.

ഇസ്ലാമിക ഖിലാഫത്തിന്റെ തലയറ്റമായി ഒരു കാലത്തു നിലനിന്ന തുര്‍ക്കിയില്‍ നിന്ന്‌ രാഷ്ട്രീയ പാഠങ്ങളേക്കാള്‍ മികച്ച ഒരു പാഠം നമ്മുടെ സമകാലികക കേരള ഇസ്ലാമിനു പോലും പരിഗണിക്കാവുന്നതായി ഉണ്ട്‌. ഉര്‍ദുഗാനും നജ്‌മുദ്ദീന്‍ അര്‍ബകാന്‍ എന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവും തമ്മിലുള്ള ആത്മ ബന്ധത്തിന്റേയും ആശയപരമായ വിയോജിപ്പിന്റേയും പാഠമാണത്‌. ആശയ പരമായ വിയോജിപ്പുകളുടെ ഭാരം രാഷ്ട്രീയത്തിനപ്പുറം വ്യക്തിഹത്യയിലേക്കും വിട്ടുവീഴ്‌ചയില്ലാത്ത ശത്രുതയിലും വളര്‍ന്നില്ലെങ്കില്‍ നമുക്കു സമാധാനം കിട്ടില്ല. രണ്ടു കക്ഷികളിലായി വേര്‍പിരിഞ്ഞിട്ടും നജ്‌മുദ്ദീന്‍ അര്‍ബകാന്റെ രാഷ്ട്രീയത്തേയാണു താന്‍ തന്റേതായ വഴികളിലൂടെ സാര്‍ത്ഥകമാക്കുന്നതെന്ന്‌ തുറന്നു പറയാന്‍ ഉര്‍ദുഗാനു മടിയില്ല. വിയോജിപ്പിന്റെ ധാര്‍മ്മികത അദ്ദേഹത്തില്‍ നിന്നും പഠിച്ചെടുക്കേണ്ടതുണ്ട്‌ നമ്മുടെ നേതൃത്വങ്ങള്‍. നല്ല കാല്‍പന്തു കളിക്കാരനായിരുന്നു ഉര്‍ദുഗാന്‍. അദ്ദേഹത്തിന്റെ നീക്കങ്ങളില്‍ ലക്ഷ്യത്തിലേക്കു തൊടുക്കുന്ന ഉന്നവും സ്‌പോര്‍ട്‌മാന്‍ സ്‌പിരിറ്റും ഏറെ പ്രകടം.



ഫൈസൽ നിയാസ്

കാറ്റും ആകാശവും കുന്നിന്‍മുകളിലെ ഒറ്റമരത്തിൻ ചുവട്ടില്‍


ന്യൂദല്‍ഹിയിലെ സിരി ഫോര്‍ട്ട്‌ ഓഡിറ്റോറിയത്തില്‍ ഡയറക്‌ടറേറ്റ്‌ ഓഫ്‌ ഫിലിം ഫെസ്റ്റിവല്‍സ്‌ സംഘടിപ്പിച്ച നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍, ആദാമിന്റെ മകന്‍ അബു കണ്ടിരിക്കുമ്പോള്‍, ഉള്ളിന്റെയുള്ളില്‍ ഊറിനിന്നിരുന്ന മിക്കവയും വറ്റിത്തുടങ്ങിയിരുന്നു എങ്കിലും ഖസാക്ക്‌വായനക്കാലത്തെ അനുഭൂതി ചൂഴ്‌ന്നുകൊണ്ടിരുന്നു. തിങ്ങിനിറഞ്ഞ സദസ്സിന്‌ മുമ്പില്‍ ആദാമിന്റെ മകന്‍ കളിച്ചുതുടങ്ങിയപ്പോള്‍ ആള്‍ക്കൂട്ടത്തിനിടയില്‍ ഞാനൊരു ചെറുവൃത്തമായി. കുട്ടിക്കാലയോര്‍മകളും വീടനുഭവങ്ങളും നാട്ടുകാഴ്‌ചകളും നന്മയുടെ മനുഷ്യവൈവിധ്യങ്ങളും നിറഞ്ഞ വൃത്തത്തിനകത്ത്‌ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമ പുരോഗമിക്കുംതോറും ഞാന്‍ ഞാനെന്ന വൃത്തത്തിനകത്തേക്ക്‌ ഉള്‍വലിഞ്ഞുകൊണ്ടേയിരുന്നു.


പ്രകൃതിയുടെ പ്രഭാതകാഴ്‌ചകളില്‍ നിന്നാണ്‌ ചിത്രം തുടങ്ങുന്നത്‌. സൂര്യന്റെ സ്വര്‍ണരശ്‌മികളില്‍ നിന്ന്‌ വിവിധ കാഴ്‌ചകള്‍ പിന്നിട്ട്‌ പള്ളിയുടെ മിനാരത്തിലെത്തുന്നു. ഇടയില്‍, കുട്ടിക്കാലത്ത്‌ കണ്ടുമറന്ന പല കാഴ്‌ചക്കൂട്ടങ്ങള്‍. കിണ്ടി മുതല്‍ കിണറ്റിന്‍ കരയിലെ കപ്പി വരെ. പശ്ചാത്തലത്തില്‍ അതിശയോക്തികളോ ധ്വനിപ്പിച്ചു ധ്വംസിക്കലോ ഇല്ലാത്ത ബാങ്കുവിളി. ബാങ്കിന്റെ സ്വരം മലയാളചലച്ചിത്രങ്ങളുടെ പശ്ചാത്തലങ്ങളില്‍ മിക്കപ്പോഴും കേട്ടത്‌, മുസ്‌ലിംവില്ലത്തരങ്ങളുടെ അവതരണങ്ങളിലായിരുന്നല്ലോ. എം.എ നിഷാദിന്റെ ഭആയുധം' മാത്രം വേറിട്ടുനില്‍ക്കുന്നു. മുരളി കൊടുക്കുന്ന ബാങ്കിന്റെ പൂര്‍ണത പ്രേക്ഷകരിലേക്ക്‌ പകര്‍ന്നുനല്‍കിയിരുന്നു. ആകസ്‌മികമെന്നോണം അതും ഒരു പ്രഭാതബാങ്ക്‌. സാധാരാണ മുസ്ലിം പ്രാര്‍ത്ഥനകളുടെ നിര്‍വ്വഹണരൂപങ്ങളും, മന്ത്രണങ്ങളും കേരളത്തിലെ ഒരു മുസ്ലിം വിഭാഗവത്തിന്റേയും അനുഷ്ടാന മാതൃകകളില്ലാത്ത തരത്തില്‍, സംവിധായകനു തോന്നിയ പോലെ ചിത്രീകരിക്കാറാണല്ലോ പതിവ്‌. മുസ്ലിംകളുടെ ജീവിതത്തിലെ മര്‍മ്മ പ്രധാനമായ അഞ്ചു നേരമുള്ള നിസ്‌കാരത്തില്‍ നിന്നല്‍പ്പമാണു സാധാരണ സിനിമകളില്‍ മുസ്ലിം കഥാപാത്രത്തിന്റെ മതപരതയെ പ്രതീകവല്‍ക്കരിച്ച്‌ ഉള്‍പ്പെടുത്തിക്കാണാറ്‌. അതെപ്പോഴും മുസ്ലിംകള്‍ക്ക്‌ ഒരു പരിചയവുമില്ലാത്ത ചില ആംഗ്യവ്യംഗ്യ ശരീര ചലനങ്ങളിലൂടെയായിരിക്കും. സുജൂദില്‍ നിന്ന്‌ നേരെ പ്രാര്‍ത്ഥനയില്‍ നിന്നും വിരമിക്കുന്ന സലാം വീട്ടലിലേക്ക്‌ എന്ന പോലെ. മുസ്ലിംകളുടെ പ്രാര്‍ത്ഥനാരീതികളിലും വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സീനുകളിലുമാണ്‌ നമ്മുടെ സിനിമ ഇങ്ങനെ നിരന്തരം പാപ്പരത്തം ആവര്‍ത്തിച്ചു വരുന്നത്‌. ഫലം എക്‌സല്‍ ഷീറ്റു തുറന്നു വച്ച മോണിറ്ററിലാണു സിനിമയിലെ പോലീസുദ്യോഗസ്ഥന്‍ മെയില്‍ ചെക്കു ചെയ്യുക എന്ന ഫലിതം.



ചിത്രത്തിലെ ആദ്യസംഭാഷണം ശരിക്കുമങ്ങ്‌ പിടിച്ചു. ഭയതീംഖാനയിലെ കുട്ടികളാകുമ്പോള്‍ കുറച്ച്‌ അടക്കവും ഒതുക്കവുമൊക്കെ വേണം. നിസ്‌കാരം നടക്കുമ്പോഴും ശബ്ദമുണ്ടാക്കി ആളുകളെ ശല്യപ്പെടുത്താമോ' എന്ന്‌ ചോദിക്കുന്നു ടി.എസ്‌. രാജുവിന്റെ ഹാജിയാര്‍ കഥാപാത്രം സുരാജ്‌ വെഞ്ഞാറമ്മൂടിന്റെ റസാഖിനോട്‌. ഭയതീംഖാന' പ്രതിനിധാനം ചെയ്യുന്നത്‌, പള്ളിദര്‍സ്‌, അറബിക്‌ കോളെജ്‌ തുടങ്ങിയ നിരവധി മതവിദ്യാഭ്യാസ കേന്ദ്രങ്ങളെയാണ്‌. അവയോട്‌ ചേര്‍ന്നുള്ള പള്ളികളില്‍ നിസ്‌കരിക്കാനെത്തുന്ന നാട്ടുഹാജിമാര്‍ പൊതുവെ പറയുന്നൊരു സംഭാഷണം. ദാറുല്‍ ഹുദാ എന്ന പഴയ താവളത്തിലും കേട്ടിരുന്നു ഞങ്ങളിത്തരം പഴികള്‍. ഉസ്‌താദ്‌ എന്ന കഥാപാത്രമാണ്‌ ഭഖസാക്കി'ന്റെ അനുഭൂതികളിലേക്ക്‌ വഴിപിടിപ്പിച്ചത്‌. മിസ്‌റ്റിസിസം എന്ന്‌ പാശ്ചാത്യപക്ഷപാതങ്ങളും സൂഫിസം എന്ന്‌ ഇസ്‌ലാമികപക്ഷവും പേരുചൊല്ലുന്ന ആത്‌മീയതയെ പ്രതിഫലിപ്പിക്കുന്നു ഉസ്‌താദ്‌. സമകാലിക കേരളീയ ഇസ്‌ലാമിന്റെ രണ്ടറ്റങ്ങളില്‍ നില്‍ക്കുന്ന ആത്മീയത, കര്‍മശാസ്‌ത്രം എന്നിവ ധ്വനിപ്പിക്കുന്നു, ഉസ്‌താദിനെക്കുറിച്ച്‌ ചായക്കടയില്‍ നിന്നുയരുന്ന ആദ്യ കമന്റ്‌ ഭഉസ്‌താദിനെന്താ നിസ്‌കരിക്കാന്‍ പള്ളിയില്‍ വന്നാല്‌' ആത്മീയവൃത്തങ്ങളോട്‌ എപ്പോഴും ചോദിക്കപ്പെട്ട ചോദ്യമാണത്‌. മമ്പുറം തങ്ങളോടുമുണ്ടായിരുന്നു ഒരാള്‍ക്കത്തരമൊരു സംശയം. ഹറമില്‍ കൊണ്ടുപോയി താന്‍ നിസ്‌കരിക്കുന്നത്‌ കാണിച്ചുകൊടുത്തു്‌ മമ്പുറംതങ്ങള്‍ എന്നു കറാമത്തുകളുടെ ചരിത്രത്തില്‍. (അത്ഭുതകൃത്യങ്ങള്‍). ഉസ്‌താദിന്റെ കറാമത്തുകളെക്കുറിച്ച്‌ പറയുന്നുണ്ട്‌ റസാഖ്‌. പലരുടെയും രോഗം മാറ്റിക്കൊടുത്തതും, അനുഗ്രഹം വാങ്ങിയതുകൊണ്ട്‌ ജോണ്‍സണ്‍ന്റെ കച്ചവടത്തില്‍ അടിക്കടി പുരോഗതിയുണ്ടായതും, അമ്പലത്തിലെ ദേവീവിഗ്രഹം പുഴയുടെ ഇന്നാലിന്ന ഭാഗത്തുണ്ടെന്ന്‌ പറഞ്ഞുകൊടുത്തതും ഉസ്‌താദിന്റെ കറാമത്തുകള്‍. കേരളീയ ഇസ്‌ലാമിന്റെ നവപരിഷ്‌കരണവാദങ്ങളില്‍ ഭകറാമത്തുകള്‍' മിഥ്യയായി അവതരിക്കപ്പെടുന്നുവെങ്കിലും, പാരമ്പര്യത്തില്‍ നല്ലൊരു ശതമാനവും അവയില്‍ ഉറച്ചുവിശ്വസിക്കുന്നു. പാരമ്പര്യവുമായി ബന്ധപ്പെട്ട അത്തരം വിശ്വാസാചാര രീതികള്‍ പരിഹാസത്തിന്റെയോ ദ്വയാര്‍ഥങ്ങളുടെയോ സ്വരങ്ങളില്‍ അവതരിപ്പിക്കുന്നില്ല എന്നത്‌ സലിം അഹമ്മദിന്റെ മികവ്‌. ഉറുക്ക്‌, മന്ത്രം, പുണ്യംതേടല്‍ തുടങ്ങിയ പാരമ്പര്യചിഹ്നങ്ങളുടെ അവതരണവും മറ്റുദാഹരണങ്ങള്‍.


ചിതലിമല പോലൊരു കുന്നുണ്ട്‌ ഭആദാമിന്റെ മകനി'ല്‍. തനിക്ക്‌ സങ്കടവും വിഷമവും വരുമ്പോള്‍ താനിവിടെയാണ്‌ വന്നിരിക്കാറെന്ന്‌ ഉസ്‌താദ്‌ അബുവിനോട്‌ പറയുന്നുണ്ട്‌. ഉസ്‌താദിന്‌ സങ്കടമോ എന്നാണന്നേരം അബുവിന്റെ ശുദ്ധമനസ്സ്‌ ചോദിക്കുന്നത്‌. ഭനിങ്ങള്‍ക്ക്‌ നിങ്ങളുടെ സങ്കടങ്ങള്‍ മാത്രമല്ലേയുള്ളൂ. എനിക്ക്‌ എന്നെ കാണാനെത്തുന്ന എല്ലാവരുടെയും സങ്കടങ്ങളില്ലേ.' കാറ്റും ആകാശവും കുന്നിന്‍മുകളിലെ ഒറ്റമരത്തിന്‌ ചുവട്ടില്‍ ഉസ്‌താദിന്‌ നിര്‍വൃതി പകരുന്നു. ഒത്തരി വൈവിധ്യങ്ങളുണ്ട്‌ ചിത്രത്തില്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെടുന്ന ആ കുന്നിന്‍മുകളിന്‌. മാറിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ വൈകാരികതകള്‍ക്കും ഭാവങ്ങള്‍ക്കുമനുസരിച്ച്‌ വൈവിധ്യപ്പെടുന്നു ആകാശവര്‍ണവും കാറ്റിന്‍ഗതിയും കാവ്യാത്മകതയും. സൂഫിസത്തിന്റെ അപ്രാപ്യതയും നിഗൂഢതയും ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും സമ്മിശ്രണങ്ങളിലൂടെ ചിത്രത്തിലെമ്പാടും ഇഴചേര്‍ത്തുവെച്ചിട്ടുണ്ട്‌. എന്തിനെറെ, ഉസ്‌താദിന്റെ മുഖം പോലും നേരാംവണ്ണം കാണാനാകുന്നില്ല നമുക്ക്‌. പ്രിയനന്ദന്റെ ഭസൂഫി പറഞ്ഞ കഥ'യില്‍ ഇല്ലാതെപോയത്‌ ഈ ആധ്യാത്മികതയുടെ ചലചിത്രഭാഷയാണ്‌.


ലിം കുമാര്‍ അവതരിപ്പിച്ച അബുവിനെക്കുറിച്ച്‌ ഒത്തിരി പറഞ്ഞുകഴിഞ്ഞിട്ടുണ്ട്‌ മലയാളം. സംഭാഷണങ്ങളിലൂടെയോ പൊട്ടിച്ചിരികളിലൂടെയോ തന്നെത്തന്നെ കല്ലിട്ട്‌ വാര്‍ക്കുന്ന സലിംകുമാറിന്റെ ടിപ്പിക്കല്‍ അഭിനയധാരാളിത്തങ്ങള്‍ ചിത്രത്തിലൊരിടത്തുമില്ല എന്നത്‌ സലിംകുമാറിനോളം തന്നെ സംവിധായകന്‍ സലിം അഹ്‌മദിനും മേന്മ പകരുന്നു. ഭഅളന്നുമുറിച്ച' അഭിനയഭാഷണങ്ങള്‍ എന്ന്‌ പറയാം. നന്മയുടെ പ്രകാശനങ്ങളും വിശുദ്ധിയുടെ പ്രകടനങ്ങളും ദുഃഖത്തിന്റെ വിങ്ങലുകളും ഭാവങ്ങളിലൂടെ പകരുന്നു അബുവെന്ന കഥാപാത്രം. കിംകിഡുക്കിന്റെ സിനിമകള്‍ പോലെ സംഭാഷണങ്ങള്‍ ഒട്ടുമില്ലായിരുന്നെങ്കില്‍ പോലും, സലിം അഹ്‌മദ്‌ ഉദ്ദേശിച്ച ആശയലോകങ്ങള്‍ ഭആദാമിന്റെ മകന്‍ അബു' വിലെ സലിം കുമാറിലൂടെ സംവേദനം ചെയ്യപ്പെടുമായിരുന്നുവെന്ന്‌ തോന്നുന്നു. ദൃശ്യങ്ങളിലൂടെ സംവേദനം എന്നതാണു സിനിമ എന്ന ഒന്നാം പാഠം മലയാളത്തിനു ബോധ്യപ്പെടുത്തുന്നൂ ആ.മ.അ. അബുവിന്റെ വിങ്ങലുകളാണ്‌ ചിത്രത്തിലെമ്പാടും. സ്‌നേഹബന്ധങ്ങള്‍, പണമില്ലായ്‌മ, കച്ചവടത്തിലെ ഇടിവ്‌ തുടങ്ങി വിഷമിച്ചുകൊണ്ടേയിരിക്കുന്നു അബു. അവക്കിടയില്‍ കണ്ണില്‍ വെള്ളം നിറക്കുന്ന ചില വിങ്ങലുകള്‍ പകരുന്നു, സ്വന്തം മകനെക്കുറിച്ചുള്ള അബുവിന്റെയും ഐസുവിന്റെയും ആലോചനകള്‍. ഭനമ്മള്‍ അവന്റെ ഉമ്മയും ബാപ്പയുമാണെന്ന്‌ പറയുന്നതുതന്നെ അവന്‌ നാണക്കേടാണ്‌' എന്ന്‌ അബു പറയുന്നിടത്ത്‌, ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന്‌ അറിയാതെ ഒരു തേങ്ങലുയരുന്നു. അവസാനം, കരുതിവെച്ച പണം കിട്ടാതെ ഹജ്ജ്‌ മുടങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍ രക്തബന്ധത്തില്‍ പെടാത്ത മാഷ്‌ തരുന്ന കാശ്‌ നിരസിച്ച ശേഷം ഐസു പറയുന്നു ഭനമുക്ക്‌ മോനോട്‌ ഒരല്‍പം കാശ്‌ ചോദിച്ചാലോ' ഭഅവന്‍ എങ്ങനെയുണ്ടാക്കിയ കാശാണ്‌ അതെന്നറിയാതെ നമുക്ക്‌ വാങ്ങാന്‍ പറ്റുമോ' എന്ന അബുവിന്റെ ചോദ്യം വീണ്ടും കണ്ണ്‌ നിറക്കുന്നു.


റീന വഹാബ്‌ അവതരിപ്പിക്കുന്ന ഐസു, അബുവിന്റെ വൈകാരികതകളോട്‌ സമാന്തരമായി പൂര്‍ണ ഭാവസൗന്ദര്യങ്ങളോടെ നിറഞ്ഞുനില്‍ക്കുന്നു. പുണ്യഭൂമിയില്‍ കാലുകുത്തുക എന്ന സ്വപ്‌ന സാക്ഷാല്‍ക്കാരത്തിനായി അബുവിനെപ്പോലെ സ്വന്തമായ സമ്പാദ്യങ്ങള്‍ ഐസുവും കണ്ടെത്തുന്നുണ്ട്‌. (പാസ്‌പോര്‍ട്ട്‌ അന്വേഷണവുമായി) പോലിസുകാരന്‍ വീട്ടുപടിക്കല്‍ വന്നതിന്റെ ആശങ്ക നിറഞ്ഞ വിവരണങ്ങള്‍ നല്‍കുന്ന ഐസു, നേര്‍മനസ്സിന്റെയും നിഷ്‌കളങ്കതയുടെയും ജൈവഭംഗികളാകുന്നൂ. അറുപതിനായിരം രൂപ ഇല്ലാത്തതിന്റെ പേരില്‍ ഹജ്ജ്‌യാത്ര മുടങ്ങുന്ന വേളയില്‍, ഒരാള്‍ക്ക്‌ പോകാനുള്ള കാശുണ്ടെന്ന തിരിച്ചറിവില്‍ ഭനിങ്ങള്‍ പൊയ്‌ക്കോളൂ' എന്ന്‌ അബുവിനോട്‌ അവര്‍ പറയുമ്പോള്‍ മാപ്പിളസ്‌ത്രീജീവിതങ്ങളുടെ ഭര്‍തൃസമര്‍പ്പണങ്ങള്‍ അനുഭവവേദ്യമാകുന്നു. പ്രദര്‍ശനവേളയില്‍ എല്ലാവരും ഒന്നിച്ച്‌ കൈയടിച്ച ഒരു ഡയലോഗുണ്ട്‌ സുരാജ്‌ വെഞ്ഞാറമ്മൂടിന്റെ റസാഖിന്‌. അബു ഹജ്ജിന്‌ ഒരുക്കങ്ങള്‍ നടത്തി യാത്ര പറഞ്ഞുതുടങ്ങുമ്പോള്‍ ചായക്കടയില്‍ നിന്ന്‌ ഒരാള്‍ ചോദിക്കുന്നു. ഭഎവിടുന്ന്‌ കിട്ടി ഇയാള്‍ക്കിത്രയും കാശ്‌' റസാഖ്‌ ഭഉസാമ ബിന്‍ലാദന്‍ നേരിട്ട്‌ മണിയോര്‍ഡര്‍ അയച്ചുകൊടുത്തതാ, അല്ല പിന്നെ...' എന്തിനെയും സംശയിക്കുന്ന മലയാളിയുടെ സാമാന്യബോധ്യങ്ങളെ പരിഹസിക്കുന്നു ഈ വാക്കുകള്‍. എന്നുമാത്രമല്ല, മലയാളചലച്ചിത്രങ്ങളില്‍ ഈയിടെ പ്രതിനിധാനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്‌ലിംഇമേജുകളെ ഒന്നു തോണ്ടുക കൂടി ചെയ്യുന്നു. ഭആദാമിന്റെ മകന്‍ അബു' ശ്രദ്ധേയമാകുന്നത്‌ അത്തരമൊരു പശ്ചാത്തലത്തില്‍ കൂടിയാണ്‌. മുസ്‌ലിം സമുദായത്തിനകത്തുനിന്നുള്ള ഒരു ചിത്രമാണിതെന്ന്‌ സലിം കുമാര്‍ പറഞ്ഞതിന്റെ മറ്റൊരു വശം. നിലവിലെ മലയാള ചിത്രങ്ങളില്‍ നല്ലൊരു ശതമാനവും പുറത്തുനിന്നുള്ളവര്‍ മുസ്‌ലിംകളെ പുറത്ത്‌ നിന്ന്‌ നോക്കിക്കാണുന്നതിന്റെ സാക്ഷ്യങ്ങളായിരുന്നു. അടഞ്ഞ സമുദായമായി മുസ്‌ലിംകള്‍ അവര്‍ക്കനുഭവപ്പെട്ടത്‌ കൊണ്ടോ എന്തോ, വില്ലത്തരം, പ്രതിലോമത, തീവ്രവാദം, ഭീകരത തുടങ്ങിയ ഇമേജുകള്‍ പെട്ടെന്ന്‌ സന്നിവേശിക്കപ്പെട്ടിരുന്നു മുസ്‌ലിം കഥാപാത്രങ്ങളില്‍. വ്യവസ്ഥാപിതമായിക്കഴിഞ്ഞ അത്തരം നിര്‍മിതികള്‍ എത്രത്തോളം പൊള്ളയാണെന്ന്‌ പറയുന്നതിന്‌ പകരം, അവയെ സര്‍വാത്മനാ അംഗീകരിച്ച്‌ പൊതുധാരയില്‍ തങ്ങളുടെ ഇടം ഭദ്രമാക്കാനായിരുന്നു ടി.എ. റസാക്കിന്റെയും ആര്യാടന്‍ ഷൗക്കത്തിന്റെയും ദൃശ്യരചനാശ്രമങ്ങള്‍. സമുദായത്തിനകത്തുനിന്ന്‌ അത്തരം പ്രതിനിധീകരണങ്ങള്‍ക്കെതിരെ കാലങ്ങളായി നിലയുറപ്പിച്ചിട്ടുണ്ടെങ്കില്‍ അത്‌ പി.ടി. കുഞ്ഞിമുഹമ്മദ്‌ മാത്രമാണ്‌. ഭഘര്‍ഷോം', ഭമഗ്‌രിബ്‌', ഭപരദേശി' എന്നീ ചിത്രങ്ങളിലൂടെ മുസ്‌ലിം സമൂദയത്തിന്റെ മുന്‍ഗണനകളെയും പരിഗണനകളെയും വികാരങ്ങളെയും വ്യവഹാരങ്ങളെയും വിചാരങ്ങളെയും അവതരിപ്പിച്ചു അദ്ദേഹം. ഭഎം.ടി. വാസുദേവന്‍ നായര്‍ക്ക്‌ നായര്‍ സമുദായത്തെക്കുറിച്ച്‌ പറയാമെങ്കില്‍ എനിക്കെന്ത്‌ കൊണ്ട്‌ മുസ്‌ലിംസമുദായത്തെക്കുറിച്ച്‌ പറഞ്ഞുകൂടാ' എന്നൊരു കിടിലന്‍ ലോജിക്കുമുണ്ട്‌ അദ്ദേഹത്തിന്‌. ഈ ശ്രേണിയില്‍ പെടുന്നു സലിം അഹ്‌മദിന്റെ ഭആദാമിന്റെ മകന്‍ അബു'.


ഭൂപ്രകൃതിയുടെ ചിത്രമാണിത്‌ എന്നായിരുന്നു പത്രക്കാരുടെ ചോദ്യത്തിന്‌ സംവിധായകൻ സലീം അഹ്മദിന്റെ പ്രതികരണം. മറ്റു മുദ്രണങ്ങൾ അദ്ദേഹം നിരസികുക്കയും ചെയ്തു. തീര്‍ച്ചയായും അങ്ങനെത്തന്നെയാണ്‌ ഭആദാമിന്റെ മകന്‍ അബു'. ആദ്യഫ്രയിം തന്നെ, പ്രകൃതിയാണ്‌. അതില്‍നിന്ന്‌ തുടങ്ങി, കേരളത്തിന്റെ സ്വന്തമായ മണ്ണിന്റേയും മനസ്സിന്റേയും വര്‍ണ്ണപ്രപഞ്ചം ചിത്രത്തിലെങ്ങും പച്ചവിരിച്ചു നില്‍ക്കുന്നു. അബുവിന്റെ വീടിന്റെ ദൂരക്കാഴ്‌ചകളും ഉസ്‌താദ്‌ ഇരിക്കാറുള്ള കുന്നിന്റെയും വൃക്ഷത്തിന്റെയും ആവിഷ്‌കാരങ്ങളും, അവസാനം മുറിച്ചിടപ്പെട്ട പ്ലാവിന്റെ ദൃശ്യവും പശ്ചാത്തലത്തില്‍ ഉയരുന്ന കിളികളുടെ രോദനങ്ങളുമെല്ലാം പ്രകൃതി എന്ന സൗന്ദര്യസമാഹാരത്തിന്റെ വിവിധ അനുഭവങ്ങള്‍ പകരുന്നു. ഏറ്റവുമൊടുവില്‍, തങ്ങളുടെ ഹജ്ജ്‌യാത്ര മുടങ്ങിയതിന്‌ പിന്നില്‍ പ്ലാവ്‌ മുറിച്ചതായിരിക്കാമെന്നും ഭഅതിനും ജീവനുണ്ടല്ലോ, അത്‌ നശിപ്പിച്ചത്‌ അല്ലാഹുവിന്‌ ഇഷ്‌ടപ്പെട്ടിരിക്കില്ല' എന്ന്‌ പറയുകയും ചെയ്യുന്നൂ അബുവിന്റെ തിരിച്ചറിവ്‌. പരിസ്ഥിതി വിവേകത്തിന്റേയും ഭൂചങ്ങാത്തത്തിന്റേയും ഒരുജ്ജ്വല നിമിഷമായത്‌ മനസ്സില്‍ തങ്ങി. പുതിയൊരു പ്ലാവ്‌ കുഴിച്ചിടുന്നു പെരുന്നാള്‍പ്രഭാതത്തില്‍ പള്ളിയില്‍ പോകുന്നതിന്‌ മുമ്പ്‌ അബു. അടുത്ത വര്‍ഷം ഹജ്ജിന്‌ പോകാനുള്ള പുതിയ ഒരുക്കങ്ങളുടെ തുടക്കമായും സ്വപ്‌നനെയ്‌ത്തുകളുടെ പ്രാരംഭമായും, എല്ലാറ്റിനും പുറമെ പ്രകൃതിയെ നശിപ്പിക്കുന്നതിനെതിരെയുള്ള വാചാടോപമില്ലാത്ത ഇല്ലാത്ത കര്‍മ്മമായും കാണണം നട്ടുനനക്കപ്പെട്ട ആ പ്ലാവിന്‍തൈയ്യിനെ. പരിചിത ദൃശ്യങ്ങളെ ജീവിതത്തിന്റെ ഇണക്കമുള്ള പ്രതീകങ്ങളാക്കുന്നതില്‍ നല്ല തഴക്കമുണ്ട്‌ സലീം അഹ്മദിന്റെ കാഴ്‌ചപ്പാടുകള്‍ക്ക്‌.


ധു അമ്പാട്ടിന്റെ ഛായാഗ്രഹണവും ഐസക്‌ തോമസ്‌ കൊട്ടുകാപള്ളിയുടെ സംഗീതസംവിധാനവും ചിത്രത്തിന്റെ പൂര്‍ണതകളിലേക്ക്‌ കൈകോര്‍ക്കുന്നു. ഇരുട്ടും വെളിച്ചവും ഇഴ ചേര്‍ത്ത്‌, ചിത്രത്തിന്റെ വൈകാരികവൈവിധ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു മധു അമ്പാട്ട്‌. ക്ലോസ്‌ ഷോട്ടുകളും ലോങ്‌ ഷോട്ടുകളും മാറിമാറി വരുന്ന ചിത്രീകരണങ്ങളില്‍, സങ്കടം, ഏകാന്തത, വിശുദ്ധി തുടങ്ങിയവ അനുഭവവേദ്യമാകുന്നു. ഉസ്‌താദിരിക്കാറുള്ള കുന്നിന്റെ ആവര്‍ത്തിതമായ ചിത്രീകരണങ്ങളില്‍, ഒരേ ഷോട്ടില്‍ ക്യാമറ നിലയുറപ്പിച്ചിട്ട്‌ കൂടി മാറിവരുന്ന പശ്ചാത്തലവികാരങ്ങളെ ദ്യോതിപ്പിക്കുന്നു അമ്പാട്ട്‌. ഇരുട്ടിന്റെ ഒരു സൗന്ദര്യകവചം സൃഷ്‌ടിച്ച്‌ അതിലേക്ക്‌ വെളിച്ചം കടത്തിവിട്ട്‌ ഛായാഗ്രഹണം നടത്തുകയായിരുന്നു അദ്ദേഹം. ഞാനും സംവിധായകന്‍ സലിം അഹ്‌മദും ഒരേ രീതിയിലായിരുന്നു ചിന്തിച്ചതെന്ന അദ്ദേഹത്തിന്റെ നിരീക്ഷണത്തെ ശരിക്കും ശരിവെക്കുന്നു ചിത്രത്തിലെ ഓരോ ഫ്രയിമുകളും. സംവിധായകന്‍ മനസ്സില്‍ കണ്ടതിന്‌ അഭിനേതാക്കളും പ്രകൃതിയും ഒരുപോലെ ജീവന്‍ പകര്‍ന്നപ്പോള്‍, അവയത്രയും പകര്‍ത്തിയെടുത്തു മധു അമ്പാട്ട്‌. ഫ്രയിമുകളുടെ സൗന്ദര്യം ചോര്‍ന്നുപോകാതെ പരസ്‌പരം സന്നിവേശിപ്പിക്കുന്നതില്‍ വിജയിക്കുന്നു വിജയ്‌ ശങ്കറിന്റെ എഡിറ്റിങ്‌. മിതത്വമാണ്‌ എഡിറ്റിംഗിന്റെ, ചിത്രത്തിന്റെ തന്നെയും, പ്രത്യേകത എന്ന്‌ പറയാം. ഫലത്തില്‍ നല്ല സിനിമ നമ്മുടെ മലയാളത്തിലും സംഭവ്യമാണെന്ന്‌ ഈ ചിത്രം ഉറപ്പു തരുന്നു. സലീം അഹമ്മദ്‌ തന്റെ കൂടെ കൂട്ടിയ ക്രൂ മികച്ചവരുടെ കൂട്ടായ്‌മയായി.


ഷാജി എന്‍. കരുണിന്റെ ഭകുട്ടിസ്രാങ്കി'ലെ സംഗീത സംവിധാനത്തോടെ ആരാധന തോന്നിത്തുടങ്ങിയിട്ടുണ്ട്‌ ഐസക്‌ തോമസ്‌ കൊട്ടുകാപള്ളിയോട്‌. ചിത്രം കണ്ട്‌ പുറത്തിറങ്ങിയപ്പോള്‍ സുഹൃത്തിനോട്‌ സംസാരിച്ചു തുടങ്ങിയത്‌ സംഗീതസംവിധാനത്തെക്കുറിച്ചായിരുന്നു. ഹൃദയത്തിലേക്ക്‌ നേരെ ഇറങ്ങിവരുന്ന പശ്ചാത്തലസംഗീതം. ഭആദാമിന്റെ മകന്‍ അബു'വിന്റെ വൈകാരികതകള്‍ക്ക്‌ ശബ്‌ദം, നിശബ്‌ദത എന്നിവ ഒരുപോലെ പകര്‍ന്നാണ്‌ ഐസക്‌ തോമസ്‌ സംഗീതം സംവിധാനിച്ചിരിക്കുന്നത്‌. അഭിനയത്തിന്റെയും ഛായാഗ്രഹണത്തിന്റെയും സംവിധാനത്തിന്റെയും പാരമ്യമതകളില്‍ നിശബ്‌ദത നല്‍കിയും പരീക്ഷണം നടത്തുന്നു അദ്ദേഹം. വിങ്ങലുകളും സാധാരണത്വവും മുറ്റിനില്‍ക്കുന്ന പല രംഗങ്ങളിലും അതുകൊണ്ടുതന്നെ, നിശബ്‌ദതയാണ്‌ നമുക്ക്‌ കേള്‍ക്കാന്‍ കഴിയുന്നത്‌. മലയാളചലച്ചിത്രങ്ങളില്‍ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു സംരംഭം. പ്രാദേശികതകള്‍ വിട്ട്‌ ആഗോളഭാവം സംഗീതത്തിന്‌ നല്‍കിയതും, പരീക്ഷണങ്ങള്‍ തുടരെത്തുടരെ നടത്തുന്ന കൊട്ടുകാപള്ളിയുടെ മികവ്‌. മാന്റലിന്‍, സന്തൂര്‍, സരോദ്‌ തുടങ്ങിയ സംഗീതോപകരണങ്ങളും ആഫ്രിക്കന്‍ ഉപകരണങ്ങളും തബല, വീണ, ഓടക്കുഴല്‍ തുടങ്ങിയവയുമായി സമ്മിശ്രണം ചെയ്‌താണ്‌ അദ്ദേഹം സംഗീതമൊരുക്കിയത്‌. ഇത്രയും നല്ല സംഗീതം സിനിമക്കകത്തുണ്ടായിട്ടും, ട്രയിലറില്‍ എന്തിനാണ്‌ ക്രിസ്റ്റഫര്‍ നൊലാന്റെ ഡികാപ്രിയോ ചിത്രം ഭഇന്‍സെപ്‌ഷനി'ലെ സംഗീതം ഉപയോഗിച്ചതെന്നാണ്‌ മനസ്സിലാകാത്തത്‌. സിനിമക്കകത്തും അതുണ്ടായിരുന്നോ എന്നൊരു സംശയം ഇപ്പോള്‍ തോന്നുന്നു, അസ്ഥാനത്തായിരിക്കാം. അവാര്‍ഡിനയച്ച കോപ്പിയാണ്‌ പ്രദര്‍ശനത്തിനുണ്ടായിരുന്നത്‌ എന്നതിനാല്‍ ചിത്രങ്ങളിലെ പാട്ടുകള്‍ കേള്‍ക്കാനായില്ല ഞങ്ങള്‍ക്ക്‌. ഹിന്ദുസ്ഥാനി സംഗീതവും നമ്മുടെ തുള്ളല്‍പാട്ടിന്റെ താളവുമെല്ലാം കാതില്‍ പകരുന്നുണ്ട്‌ ഇതിനകം ശ്രദ്ധ കിട്ടിയ പാട്ടുകള്‍.


ദാമിന്റെ മകന്‍ അബു' പകര്‍ന്ന സന്തോഷങ്ങള്‍, നല്ലൊരു ചിത്രം കണ്ടതിന്റെ നിര്‍വൃതി, മലയാള സിനിമ ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുന്നതിലെ സംതൃപ്‌തി തുടങ്ങിയവയെല്ലാം ഉടച്ചുകളയുന്നതായിരുന്നു തൊട്ടുശേഷം പ്രദര്‍ശിപ്പിച്ച ഡോ. ബിജുവിന്റെ ഭവീട്ടിലേക്കുള്ള വഴി' എന്ന ചിത്രം. മുസ്‌ലിമായി പൊതുസമൂഹത്തില്‍ ജീവിക്കുന്നതില്‍ ഭീതി തോന്നിപ്പിക്കുന്ന, സ്വന്തം അസ്‌തിത്വത്തില്‍ ഭയം ജനിപ്പിക്കുന്ന കാഴ്‌ചകളായിരുന്നു ഡോ. ബിജു തന്നത്‌. നല്ല സിനിമയ്‌ക്ക്‌ വേണ്ടി നില കൊള്ളുന്നു എന്ന്‌ അവസരം കിട്ടുമ്പോഴെല്ലാം വിളിച്ചുപറയാറുള്ള ബിജു എന്തിനാണ്‌ ഞങ്ങളെപ്പോലുള്ളവരെ തന്റെ ഭനല്ല ചിത്ര'ങ്ങളിലൂടെ ഇങ്ങനെ പേടിപ്പിച്ചുകൊണ്ടിരിക്കുന്നത്‌ എന്ന്‌ മനസ്സിലാകുന്നില്ല. എന്തായാലും, അത്തരം വീരവാദങ്ങളൊന്നും മുഴക്കാത്ത സലീം കുമാര്‍, സലിം അഹ്‌മദ്‌, മധു അമ്പാട്ട്‌, ഐസക്‌ തോമസ്‌ കൊട്ടുകാപള്ളി എന്നിവര്‍ക്കും ആരെയും വിഷമിപ്പിക്കാത്ത (അങ്ങനെ പറയാവോ എന്നറിയില്ല. കാരണം, ഭമക്കത്ത്‌ പോകല്‍ മാത്രമാണോ ഒരാളുടെ ജീവിതം... അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ എത്രയോ തീര്‍ഥാടനകേന്ദ്രങ്ങളുണ്ട്‌... അവയിലെത്താന്‍ സ്വപ്‌നം കാണുന്ന എത്ര പേരുണ്ട്‌..' എന്നൊക്കെയുള്ള ചില നിരീക്ഷണങ്ങള്‍ സൈബര്‍ ലോകത്ത്‌ പ്രചരിക്കുന്നുണ്ട്‌) ഭആദാമിന്റെ മകന്‍ അബു'വിനും മുമ്പില്‍ മലയാളചലച്ചിത്രങ്ങളില്‍ മാറ്റം വരണമെന്നാഗ്രഹിക്കുന്ന എന്റെ ഹൃദ്യമായ പ്രണാമം...

മഹ്മൂദ്‌ കൂരിയ